നേരുമായ്‌

നിശബ്ദമാകാത്ത നാവുമായ്....നിലക്കാത്ത നേരുമായ്‌........

               
                                   അന്തമില്ലാത്ത അഴിമതികള്‍ കണ്ടു പൊറുതിമുട്ടിയ ഭാരതത്തിലെ വിവിധ മേഖലകളില്‍  പെട്ട  ജനങ്ങള്‍ പ്രതിഷേധങ്ങളുമായി  രംഗത്ത് എത്തി കഴിഞ്ഞു.അണ്ണാ ഹസാരെ പോലുള്ളവര്‍ നടത്തുന്ന അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിക്കുന്നു.ബി.ജെ.പി പോലുള്ള രാഷ്ട്രീയ കഷികള്‍ 'രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ' വച്ച് ഹസാരയുടെയും രാംദേവിന്‍റെയും സമരങ്ങളെ പിന്തുണക്കുമ്പോള്‍ ഭാരതത്തിലെ ജനങ്ങള്‍ അഴിമതിക്കെതിരെ നടത്തുന്ന സമരം എന്ന നിലയില്‍ പിന്തുണ നല്‍കുന്നു. തുടര്‍ച്ചയായി 10 വര്‍ഷത്തോളം ബി.ജെ.പി യെ ജനങ്ങള്‍ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുന്നു എന്ന വസ്തുത തിരിച്ചറിഞ്ഞ്  UPA സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍  കിട്ടുന്ന ഓരോ അവസരങ്ങളും പരമാവധി മുതലാക്കി അടുത്ത തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍  വരുക എന്ന രാഷ്ട്രീയ ലക്ഷ്യത്തോടെ ബി.ജെ.പി നീങ്ങുന്നു.പഴയ ശവപ്പെട്ടി കുംഭകോണവും കര്‍ണാടകത്തിലെ യെദ്യൂരപ്പ സര്‍ക്കാരിനെതിരെ ഉള്ള  അഴിമതി ആരോപണങ്ങളും എല്ലാം ബി.ജെ.പി യുടെ 'അഴിമതിക്കെതിരെ ' ഉള്ള സമരങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടേക്കാം...

                                           യു.പി.എ  സര്‍ക്കാര്‍ കോടിക്കണക്കിനു രൂപകളുടെ അഴിമതികളില്‍ മുങ്ങി കുളിച്ചു നില്‍ക്കുമ്പോള്‍ എല്ലാം കണ്ടു കൊണ്ട് ചുണ കേട്ട  മൌനവുമായി   മന്‍മോഹന്‍ സിംഗ്  പ്രധാനമന്ത്രി പഥം അലങ്കരിക്കുന്നു.  മൂക്കിനു താഴെ കോടിക്കണക്കിനു രൂപയുടെ അഴിമതികള്‍ മാറി മാറി നടക്കുമ്പോഴും അദേഹത്തിന് ഒന്നും ചെയ്യാനാകാതെ നിശബ്ദനായി ചരിത്രം കണ്ട ഏറ്റവും 'ദുര്‍ബലനായ പ്രധാനമന്ത്രിയെ'  പോലെ മാറി നില്‍ക്കുന്നു.കേരളത്തില്‍ വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ പോലും ഇല്ലാതെ നടത്തിയ അഴിമതിവിരുദ്ധ പോരാട്ടങ്ങള്‍ ഇവിടെ പ്രസക്തിയാര്‍ജിക്കുന്നു. ജനങ്ങളുടെയും മാധ്യമങ്ങളുടെയും പിന്തുണ ആര്‍ജിച്ചു വി.എസ്. നടത്തിയ അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് വിഭാഗീയതയുടെ മണം ഉണ്ടായെക്കാമെങ്കിലും പൊതു ഖജനാവ് കോള്ള അടിച്ചതിനു ബാലകൃഷ്ണപിള്ളയെ (ഇടമലയാര്‍ കേസ്) ജയിലില്‍ അയക്കാനും  ഐസ് ക്രീം പെണ്‍വാണിഭ കേസില്‍ (കുഞ്ഞാലികുട്ടി) നടത്തികൊണ്ടിരിക്കുന്ന പോരാട്ടങ്ങളും വിഭാഗീയതക്ക് അതീതമായി കാണാവുന്നതാണ്.തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചു പ്രധാനമന്ത്രി ആകാന്‍ പോലും ധൈര്യം കാണിക്കാത്ത മന്‍മോഹന്‍ സിംഗ് നെ പോലുള്ളവര്‍ക്ക് അഴിമതിക്കെതിരെ എന്ത് ഇടപെടലുകള്‍ നടത്താന്‍ കഴിയും എന്ന് ജനങ്ങള്‍ സംശയിക്കുന്നു.
                        അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ നടത്തുന്നവരുടെ വിശ്വാസ്യത ഉറപ്പു വരുത്തണം എന്ന കാര്യവും പ്രാധാന്യമര്‍ഹിക്കുന്നു. ബാബ രാംദേവിനെ പോലുള്ളവര്‍ നടത്തുന്ന ആര്‍ഭാട പൂര്‍ണ്ണമായ ഉപവാസങ്ങളും മറ്റും അഴിമതി വിരുദ്ധ പോരാട്ടങ്ങളുടെ നിറം കെടുത്തുന്നു.ആര്‍.എസ്.എസ് ന്‍റെ പിന്തുണയോടെ നടത്തുന്ന രാംദേവിന്‍റെ  സമരത്തില്‍ ബാബറി മസ്ജിത് പൊളിച്ച കേസിലെ പ്രതി  റിതംബര സമരത്തില്‍ പങ്കെടുത്തത് വിവാദമാവുകയും ചെയ്തു.'സായുധ സേന' ഉണ്ടാക്കും എന്ന് പറഞ്ഞു രാംദേവ് നടത്തിയ  ആഹ്വാനങ്ങള്‍ അഴിമതിക്കെതിരെ ഹസ്സാരയെ പോലുള്ളവര്‍ നടത്തി വന്ന സമരങ്ങളുടെ ശക്തി കുറച്ചു.

                        അഴിമതികളുടെ കൂത്തരങ്ങു കൊണ്ട് ഇന്ത്യയെ  ലോക രാജ്യങ്ങളുടെ മുന്നില്‍ അപമാനിക്കുന്നവര്‍ക്ക് മാപ്പ് നല്‍കാനാവില്ല.കല്‍മാടി,കനിമൊഴി,രാജ എന്നിങ്ങനെ തീഹാര്‍ ജയിലിലും മറ്റും കിടക്കുന്നവരുടെ പട്ടിക നീളുന്നു.അഴിമതികളില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ കഴിയുന്ന വ്യവസ്ഥകള്‍ ഉള്‍പെടുത്തി ശക്തമായ ലോക്പാല്‍ ബില്‍ പാസാക്കുകയും തുടര്‍ന്നും അഴിമതിക്കെതിരെ ജാഗരൂകരായിരിക്കുകയും വിസ്വസ്യതയുള്ള അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുകയും  ചെയ്യുക എന്നത് ജനങ്ങളുടെ കടമയാണ്..
                                                                                                                      -നിയതി-  

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അനുയായികള്‍