നേരുമായ്‌

നിശബ്ദമാകാത്ത നാവുമായ്....നിലക്കാത്ത നേരുമായ്‌........

 ത്രു ദി ഐസ് ഓഫ് എ പെയ്ന്‍റര്‍.........

                                                Font problem ?'Click Here'

    ലോക ചിത്ര കലയ്ക്കു ഇന്ത്യ നല്‍കിയ സംഭാവന ആണ് M .F . ഹുസൈന്‍ എന്ന മഖ്ബൂല്‍ ഫിദാ ഹുസൈന്‍. പത്മ ഭൂഷന്‍, പത്മ വിഭൂഷന്‍,പത്മ ശ്രീ എന്നിവ ലഭിച്ച M .F . ഹുസൈന്‍  ഇന്ത്യന്‍ ചിത്ര കലയെ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചു.ഗോള്‍ഡെന്‍  ബെയര്‍  പോലുള്ള അന്താരാഷ്‌ട്ര പുരസ്കാരങ്ങളും കരസ്ഥമാക്കിയ M .F ഹുസൈനെ  ഫോബ്സ് മാസിക വിശേഷിപ്പിച്ചത്‌  'ഇന്ത്യയുടെ പിക്കാസോ ' എന്നാണ്.

           തികച്ചും ദരിദ്രമായ ചുറ്റുപാടില്‍ ആയിരുന്നു ഹുസൈന്‍റെ ബാല്യകാലം.പിച്ച വയ്ക്കും മുന്‍പ് തന്നെ അമ്മ മരിച്ചു.വരയോടുള്ള മകന്‍റെ പ്രതിപത്തി കണ്ടു അച്ഛന്‍ അവനെ J .J സ്കൂള്‍ ഓഫ്  ആര്‍ട്സില്‍ ചേര്‍ത്തെങ്കിലും  അച്ഛന്‍റെ ജോലി നഷ്ട്ടപ്പെട്ടപ്പോള്‍ ഹുസൈന്‍റെ ചിത്രകലാ പഠനവും മുടങ്ങി.മുംബൈലേക്കു വണ്ടി കയറിയ ഹുസൈന്‍ തന്‍റെ സുഹൃത്ത് നടത്തികൊണ്ടിരുന്ന സിനിമ ബോര്‍ഡുകള്‍ വരയ്ക്കുന്ന പണിയില്‍ സഹായിയായി കൂടി.രണ്ടു നേരത്തെ ഭക്ഷണത്തിനു ആവശ്യമായ കൂലി ഹുസ്സൈനു  ലഭിച്ചു.ഉറക്കം തെരുവോരത്തും.അവിടെ നിന്നാണ് ഹുസൈന്‍ ചിത്രകലയില്‍  ലോകത്തിന്‍റെ നെറുകയിലേക്ക് പടികള്‍ കയറിയത്.ഭാരതീയ ചിത്രകലയെ ഹുസൈന്‍ ആധുനികതയുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തി.മോഡേണ്‍ സാധ്യതകളെ ഹുസൈന്‍ ഫലപ്രദമായി   ഉപയോഗിച്ചു.1986 മുതല്‍ ആറു വര്‍ഷക്കാലം ഹുസൈന്‍ രാജ്യ സഭ അംഗവും ആയിരുന്നു.

                                ഹിന്ദു   ദൈവങ്ങളുടെ നഗ്ന ചിത്രങ്ങള്‍ വരച്ചു എന്നതിലൂടെ  ഹുസൈന്‍ ഹിന്ദുത്വ  വര്‍ഗീയ വാദികളുടെ വിമര്‍ശനങ്ങള്‍ക്ക്  വിധേയനായി.മതേതരത്വത്തിന്‍റെ  പേരില്‍ ലോകത്തിനു മുന്നില്‍ തലയുയര്‍ത്തി നിന്ന ഭാരതം നാണക്കേടുകൊണ്ട്‌  തല കുനിക്കേണ്ടി വന്നു..കാമ ശാസ്ത്രവും നഗ്ന ശില്‍പ്പങ്ങളും ഭാരതീയ പാരമ്പര്യം പരിശോധിച്ചാല്‍ കാണാന്‍ കഴിയും. എന്നാല്‍ 'ഇസ്ലാം മതത്തില്‍' പെട്ട വ്യക്തി ഹിന്ദു ദേവതകളെ നഗ്നമായി ചിത്രീകരിച്ചപ്പോള്‍ അത് വിമര്‍ശനവിധേയമായി.1970 കളില്‍ വരച്ച ഹുസൈന്‍റെ ചിത്രങ്ങളില്‍ മുപ്പതോളം  വര്‍ഷങ്ങള്‍ക്കു ശേഷമാണ് സംഘപരിവാര്‍  ശക്തികളും മറ്റും വിവാദം കണ്ടെത്തിയത്.ഇത് പ്രത്യേക  രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ വച്ചും ആണെന്ന് വ്യക്തമാണ്.ഹുസൈന്‍ ചിത്രങ്ങളിലെ നഗ്നതയെ ചോദ്യം ചെയ്തവര്‍ ശ്രവണബലഗോളയിലും     കൊണാര്‍ക്കിലും    മറ്റും സൃഷ്ട്ടിക്കപ്പെട്ട  ശില്‍പ്പങ്ങളിലും ചുവര്‍ ചിത്രങ്ങളിലും ഉള്ള നഗ്നതയെ ചോദ്യം ചെയ്തില്ല ! ശ്രവണബലഗോളയില്‍  80 അടി ഉയരത്തില്‍ ഉള്ള നഗ്ന ശില്‍പ്പമാണ് സ്ഥാപിച്ചിട്ടുള്ളത്  .അവിടെ പ്രാര്‍ഥനയും ഉത്സവവും നടക്കുന്നുണ്ട്.നഗ്നതയുടെ പേരില്‍ ആരും എതിര്‍പ്പുമായി രംഗത്ത് വന്നിട്ടില്ല! ഹിന്ദു ദേവതകള്‍ നാം ഇന്ന് കാണുന്ന ചിത്രങ്ങളുടെ രൂപത്തില്‍ ആണ് ഉണ്ടായിരുന്നത് എന്ന് ആര്‍ക്കാണ് തെളിയിക്കാനാവുക..ഒരു പക്ഷെ ' M .F . ഹുസൈന്‍' എന്ന പേര് ആയിരിക്കാം വിവാദങ്ങള്‍ക്ക്  സംഘപരിവാര്‍ ശക്തികളെ  പ്രേരിപ്പിക്കുന്നത്  .വര്‍ഗീയ ശക്തികള്‍ ഹുസൈന്‍റെ പ്രദര്‍ശനങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍    നടത്തി.ചിത്രങ്ങള്‍ അടിച്ചു തകര്‍ത്തു. കേരള സര്‍ക്കാര്‍ നല്‍കാന്‍ തീരുമാനിച്ച രാജാ രവിവര്‍മ പുരസ്കാരം ഏറ്റുവാങ്ങാന്‍ വര്‍ഗീയ ശക്ത്തികള്‍ ഹുസൈനെ അനുവദിച്ചില്ല.വിപുലമായ തോതില്‍ ഒളിയോഗ്രാഫി അടിച്ചിറക്കുക വഴി ദൈവങ്ങളുടെ ചിത്രങ്ങള്‍  സാധാരണക്കാരായ കീഴാളരുടെ പൂജ മുറികളിലും ബാര്‍ബര്‍ ഷോപ്പുകളിലും എത്തിപെടുന്നു എന്നും  ദൈവങ്ങളുടെ ചിത്രം വരക്കാന്‍ മോഡലുകളെ ഉപയോഗപ്പെടുത്തി എന്നും ആരോപിച്ച്  ,ഈ വര്‍ഗീയ ശക്തികള്‍ രാജാ രവിവര്‍മ്മ  യെ  തന്നെ കോടതി  കയറ്റിയിട്ടുണ്ട് ..അന്ന് രവിവര്‍മ്മയെ കോടതി കുറ്റ വിമുക്തനാക്കി.

ഹുസൈന്‍ ജീവിതത്തിന്‍റെ അവസാനം വരെ സ്വന്തം കലയില്‍ പൂര്‍ണ  വിശ്വാസം അര്‍പ്പിച്ചു. ഖത്തര്‍ പൗരത്വം  സ്വീകരിക്കുന്നതിനു മുന്‍പ്, തന്‍റെ രചനകള്‍ ആരുടെയെങ്കിലും വികാരങ്ങള്‍ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതിനോട് ക്ഷമ ചോതിച്ചു.എന്നാല്‍ സ്വന്തം സൃഷ്ട്ടികളെ തള്ളി  പറഞ്ഞതുമില്ല .ഒടുവില്‍  വിവാദങ്ങള്‍ ഒന്നുമില്ലാത്ത ലോകത്തേക്ക് ഹുസൈന്‍ യാത്രയായി ...

                                                                                                          -നിയതി -













0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അനുയായികള്‍